ശിവ വേദ മിത്രൻ ഭാഗം 1

ശിവ വേദമിത്രൻ

എല്ലാം പായ്ക്ക് ചെയ്തു വച്ചിട്ട്  കൃഷ്ണചന്ദ്രൻ കൂടെയുള്ളവരെ നോക്കി. എല്ലാ മുഖത്തും വിഷമം ആണ്. പന്ത്രണ്ട് വർഷത്തെ പ്രവാസത്തിനു ശേഷം  നാട്ടിലേക്കിന്ന് മടങ്ങുകയാണ്. ഇനിയൊരു തിരിച്ചു വരവില്ല. പന്ത്രണ്ട് വർഷം മുൻപ് ഗൾഫിൽ വരുമ്പോൾ കുറെ കഷ്ടപ്പാടുകൾ മാത്രമേ കൂട്ടയിട്ടുണ്ടായിരുന്നുള്ളു. അച്ഛൻ പെട്ടന്നൊരു ദിവസം മരണപ്പെട്ട കുടുംബത്തിലെ, മൂത്ത മകൻ ആയതു കൊണ്ട് തന്നെ ചുമലിൽ കുറെ ഉത്തരവാദിത്തം ഉണ്ടായിരുന്നു. അമ്മയെയും തനിക്കു താഴെയുള്ള അനുജനെയും, അനുജത്തിയെയും നോക്കുക. കൃഷ്ണചന്ദ്രൻ ഗൾഫിനു പറന്നു. തന്റെ കഷ്ടപ്പാടുകൾ ആരെയും അറിയിച്ചില്ല. ബാങ്കിൽ പണയം വച്ചിരുന്ന വീടിന്റെ ആധാരം തിരിച്ചെടുത്തു, അനുജനെ പഠിപ്പിച്ചു അവൻ  എഞ്ചിനീയറായി പെങ്ങളെ വിവാഹം ചെയ്‌തയച്ചു.

അങ്ങനെ സമാധാനിച്ചു ഇരിക്കുമ്പോഴാണ് കൃഷ്ണചന്ദ്രന് വിട്ടുമാറാത്ത തലവേദന ഉണ്ടായത്. പരിശോധനയിൽ ന്യൂറോ സംബന്ധമായ പ്രശ്നം ആണ് കൂടുതൽ ചികിത്സ വേണം അതിനു നാട്ടിൽ നിന്നലെ പറ്റൂ .അതോടെ പന്ത്രണ്ട് വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങാൻ കൃഷ്ണചന്ദ്രൻ നിർബന്ധിതനായി. ജോലി നിർത്തി നാട്ടിലേക്കു മടങ്ങി വരുന്നതിനോട് വീട്ടിൽ ആർക്കും യോജിപ്പില്ല. അതിന്റെ പേരിൽ അമ്മയോടും, അനിയനോടും ഒന്ന് മുഷിയേണ്ടിയും വന്നു 
സന്തോഷായി പോ മോനെ... ജമാലിക്ക കണ്ണ് തുടച്ചു കൊണ്ട് അവനെ കെട്ടിപിടിച്ചു.. 
നാട്ടിൽ വരുമ്പോൾ കാണാം കൃഷ്ണേട്ടാ കിരണും, അമലും കൂടെ ചേർന്നു.

എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കണേ മോനെ.. ജമാലിക്ക വീണ്ടും ഓർമിപ്പിച്ചു. എല്ലാവർക്കും ഒരു ജേഷ്ഠന്റെ സ്ഥാനത് ആയിരുന്നു ജമാലിക്ക

ശെരി ഇക്ക.. കൃഷ്ണ ചന്ദ്രൻ അദ്ദേഹത്തെ ചേർത്ത് പിടിച്ചു. എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.

എയർപോർടിലെ നടപടി ക്രമങ്ങൾ കഴിഞ്ഞു. ഫ്ലൈറ്റ് അല്പം താമസിച്ചാണ് വന്നത്. അങ്ങനെ പ്രവാസം അവസാനിപ്പിച്ചു കൃഷ്ണ ചന്ദ്രൻ നാട്ടിലേക്കു പറന്നു. ഫ്ലൈറ്റിൽ  ഇരിക്കുമ്പോഴും മനസ് അസ്വസ്ഥം ആയിരുന്നു. താൻ തിരിച്ചു വരുമെന്ന് പറഞ്ഞപ്പോൾ വീട്ടിൽ ഉണ്ടായ ഭൂകമ്പം ഓർത്തു പോയി. അമ്മയ്ക്കു പോലും ഒരു മനസാക്ഷി തോന്നിയില്ല. വേണ്ട.. ആർക്കും തോന്നേണ്ട.. ഇത്രയും നാൾ എല്ലാവർക്കും വേണ്ടി ജീവിച്ചു. സ്വയം മറന്നു കഷ്ടപ്പെട്ടു. ഇനി ഇല്ല.. ഒന്നും.. കൃഷ്ണ ചന്ദ്രൻ സീറ്റിലേക്ക് ചാരി കണ്ണടച്ച് ഒന്ന് മയങ്ങിയതും ഒരു സ്വപ്നം ദൃശ്യമായി. കസവു മുണ്ട് ഉടുത്തു, വേഷ്ടി പുതച്ചു ബലിഷ്ടനായ ഒരു ചെറുപ്പക്കാരൻ,  നെയ്യിന്റ് നിറം, നെഞ്ചിൽ ചേർന്ന് കിടക്കുന്ന പൂണൂൽ, കഴുത്തിൽ സ്വർണ്ണം കെട്ടിയ രുദ്രാക്ഷം,

പെട്ടന്ന് കൃഷ്ണ ചന്ദ്രൻ ഞെട്ടി കണ്ണ് തുറന്നു.. തനിക്കു ചുറ്റും ചന്ദന തിരിയുടെ ഗന്ധം അയാൾക്ക് തോന്നി.. ഓ.. സ്വപ്നം ആയിരുന്നോ.. പക്ഷെ ഫ്ലൈറ്റിൽ എവിടെ നിന്നാണ് ചന്ദനത്തിരിയുടെ മണം.. തനിക്കു തോന്നുന്നതാവും അസുഖം തുടങ്ങിയതിൽ പിന്നെ ഇങ്ങനെ ഓരോ തോന്നലുകൾ പതിവാണല്ലോ.

എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ വീട്ടിൽ നിന്നും ആരും വന്നിരുന്നില്ല.. നാട്ടിലെ സുഹൃത്ത്‌ സജി  മാത്രം ഉണ്ട്.അവൻ നാട്ടിൽ ടാക്സി ഓടിക്കുന്നു. 

ഡാ.. ആകെ കോലം കേട്ടല്ലോടാ നീ.. സജി ഓടി വന്ന് കൃഷ്ണ ചന്ദ്രൻ്റെ  ലഗേജ്‌ എടുത്തു കാറിൽ വച്ചു.

വയസ്സായില്ലേടാ.. കൃഷ്ണ ചന്ദ്രൻ ചിരിച്ചു.

പിന്നെ പറച്ചിൽ കേട്ടിട്ടു അറുപതു തികഞ്ഞ പോലുണ്ടല്ലോ.. മുപ്പത്തിരണ്ടല്ലേ ആയിട്ടുള്ളു.

വീട്ടിന്നു ആരും വന്നില്ല അല്ലേടാ.. കാറിൽ വീട്ടിലേക്കു തിരിക്കുമ്പോൾ സജി തിരക്കി.

അവർക്കിനി ആവശ്യങ്ങളൊക്കെ കഴിഞ്ഞില്ലേ.. പിന്നെ ആരു വരാൻ.

എന്നാലും നിന്റെ അനിയൻ.. ഹോ വല്ലാത്ത ജാതി തന്നെ.. രാവിലെ കാറിൽ അടിച്ചു തകർത്തു പോകുന്ന കണ്ടു.. നിന്റെ പണം കൊണ്ട് പഠിച്ചു ജോലിം, കൂലിം ആയപ്പോൾ ചെക്കൻ നിലത്തും, താഴെയല്ല. 

എന്തെങ്കിലും ആവട്ടെടാ.. കൃഷ്ണ ചന്ദ്രൻ വേദനയോടെ പറഞ്ഞു.

അരമുക്കാൽ മണിക്കൂറിനുള്ളിൽ കാർ വീട്ടു പടിക്കൽ എത്തി..

നീ വീട്ടിൽ കേറുന്നില്ലേടാ.. ലഗേജ്‌ പുറത്തേക്കു എടുക്കുമ്പോൾ കൃഷ്ണ ചന്ദ്രൻ തിരക്കി.

ഇല്ലടാ..  നമുക്കു പിന്നെ കാണാം.. ആ വേറൊരു കാര്യം.. ജീവിതം നിന്റെയാണ്.. ഇത്ര കാലം എല്ലാർക്കും വേണ്ടി ജീവിച്ചില്ലേ.. എന്തെങ്കിലുമൊക്കെ വീട്ടുകാര് പറയുന്ന കേട്ട് നീ സൈലന്റ് ആയി ഇരിക്കരുത്. നല്ല മറുപടി കൊടുത്തേക്കണം. അവർക്കൊക്കെ പണമോഹം മാത്രമേ ഉള്ളു. 

ശെരിയെടാ.. കൃഷ്ണ ചന്ദ്രൻ  ചിരിച്ചു. സജി പോയി. അവൻ വീട്ടിലേക്കു കയറി.

ആ വന്നല്ലോ, ജോലിം, കുലിം കളഞ്ഞു അമ്മേടെ പുന്നാര മോൻ.. അകത്തു നിന്നും ഇറങ്ങി വന്ന അളിയൻ സുരേന്ദ്രൻ ഒന്ന് ആക്കിക്കൊണ്ടാണ് പറഞ്ഞത്.. 

വന്നെങ്കിൽ എന്റെ വീട്ടിലേക്കാണ് വന്നത്.. അളിയന്റെ അടുത്തേക്കല്ല.. എടുത്തടിച്ച പോലുള്ള മറുപടി കേട്ടതും സുരേന്ദ്രൻ വിളറിപ്പോയി. 

നീയെന്തിനാ വന്നുടനെ അവന്റെ മെക്കിട്ടു കേറുന്നത്.. അവൻ പറഞ്ഞത് സത്യം അല്ലെ.. അകത്തു നിന്നും വന്ന അമ്മ വിജയം മുഷിപ്പോടെ പറഞ്ഞു.

കൃഷ്ണ ചന്ദ്രൻ അവരെ ഒന്ന് നോക്കിയിട്ടു തന്റെ റൂമിലേക്ക് പോയി.. അവിടെ ചെന്നപ്പോൾ കണ്ടു അതിപ്പോൾ അനിയന്റെ റൂമാണ്, തൊട്ട് ചേർന്ന മുറി അമ്മ യുടേതാണ്, പിന്നെയുള്ള റൂമിൽ പെങ്ങളും, അളിയനും  കൃഷ്ണ ചന്ദ്രൻ ഹാളിലേക്കു വന്നു സാധങ്ങളൊക്കെ അവിടെ വച്ചു. തനിക്കു സ്വന്തം ആയിട്ടൊരു റൂം പോലും ഇവിടെയില്ല. മനുഷ്യർ ഇങ്ങനെ മാറുമോ! അവനു വേദന തോന്നി. 

ഏട്ടൻ പോയി കുളിച്ചിട്ടു വാ ഞാൻ ഭക്ഷണം എടുത്തു വെക്കാം.. പിന്നാലെ വന്ന പെങ്ങൾ പറഞ്ഞു. അവൾക്കു മാത്രേയുള്ളു ഇന്നും ഏട്ടനോട് സ്നേഹം..

നിനക്ക് മേലാത്തതല്ലെടി.. അവിടെങ്ങാനും പോയിരി.. സുരേന്ദ്രൻ ഭാര്യയെ വിലക്കി. കൃഷ്ണ ചന്ദ്രൻ കുളിച്ചു വന്നപ്പോഴേക്കും അമ്മ കഴിക്കാൻ എടുത്തു വച്ചിരുന്നു.

എന്നാലും കുഞ്ഞേ ഇവിടെ എന്തൊക്കെ ആവശ്യങ്ങൾ കിടക്കുന്നു . അതിനിടക്ക് നീ എല്ലാം നിർത്തി പൊന്നല്ലോ. അമ്മ പതം പറയാൻ തുടങ്ങി. നോക്കിക്കേ ഈ പെണ്ണിന്റെ കന്നി പെറാണ് അതിനിനി രൂപ എത്ര വേണം, പിന്നെ ചിട്ടി ഇനിയും തീരാനുണ്ട്, പുതിയ പെര വച്ചെന്റെ ലോൺ..

മതി.. നിർത്തു..കൃഷ്ണ ചന്ദ്രൻ തടഞ്ഞു.. അയാൾ കഴിച്ചത് നിർത്തി എഴുന്നേറ്റു. കൈ കഴുകി വന്നു ഹാളിലെ ദിവാൻ കോട്ടിലേക്കു കിടന്നു. അങ്ങനെ കിടന്നു എപ്പോഴോ ഉറങ്ങി പോയി. എന്തോ ബഹളം കേട്ടാണ് പിന്നെ ഉണർന്നത്. പുറത്തെ ഇരുട്ട് പരന്നിരുന്നു. അടുക്കളയിൽ നിന്നും അമ്മയുടെയും സുരേന്ദ്രൻ്റെയും  അനുജൻ വിജയിൻ്റെയും സ്വരം കേട്ടു. കൃഷ്ണ ചന്ദ്രൻ  കാതോർത്തു.

എന്ന് പറഞ്ഞാൽ എങ്ങനെയാണ്.. എനിക്കൊരു ജോലി ആയെന്നു വച്ചു ഏട്ടൻ എല്ലാം നിർത്തി ഇങ് പോന്നാൽ എങ്ങനെയാ.. എനിക്ക് എന്റേതായ കാര്യങ്ങൾ ഇല്ലേ.. വിജയ് തകർക്കുകയാണ്.

മോനെ ഒന്ന് പതുകെ... അമ്മ അവനെ തടയുന്നുണ്ട്.

അളിയന് ഏതാണ്ട് രോഗം ആണെന്ന് പറഞ്ഞത്. അത് ചുമ്മാതാരിക്കും.. ഓരോ അടവുകൾ..സുരേന്ദ്രൻ്റെയും സ്വരം കൂടെ കേട്ടൂ.

നിങ്ങളൊക്കെ ഇങ്ങനെ കാണിച്ചോരയില്ലാതെ പറയല്ലേ ഏട്ടൻ വന്നല്ലേയുള്ളു.. അനിയത്തി  വിനീതയുടെ യുടെ സ്വരം പതിഞ്ഞു കേട്ടു. കൃഷ്ണ ചന്ദ്രൻപതിയെ എണീറ്റു.

എന്താ എന്താ ഇവിടെ.. അവൻ അടുക്കളയിലേക്ക് ചെന്ന്... എല്ലാരും ഒന്ന് പതറി.

ഇവിടെ ആരൊക്ക കിടന്നു എന്തൊക്കെ പറഞ്ഞാലും ഞാനിനി തിരിച്ചു പോകുന്നില്ല. അത് മടിയായിട്ടല്ല, എന്റെ രോഗവസ്ഥ എനിക്ക് അറിയൂ.. നീയൊക്കെ ഇവിടെ കിടന്നു കുറെയൊക്കെ പറയുന്ന കേട്ടല്ലോ.. എന്നാടാ നീ ജോലിക്കാരൻ ആയതു.. കൃഷ്ണ ചന്ദ്രൻ അനിയനെ തറച്ചു നോക്കി. അച്ഛൻ മരിച്ചപ്പോൾ മിച്ചം ഉണ്ടായിരുന്നത് കുറെ കടങ്ങൾ മാത്രം ആണ്‌. അതിൽ നിന്ന് ഇവിടെ വരെ എത്താൻ എനിക്ക് ആരുടെയും സഹായം ഉണ്ടായിരുന്നില്ല. കഴിഞ്ഞ പന്ത്രണ്ട് വർഷം ഞാൻ ഉണ്ടാക്കിയതൊക്ക വേറാര്ക്കും അല്ല കൊടുത്തത് ഈ വീട്ടിലേക്കാണ് മുടക്കിയത്.

ഏട്ടൻ കണക്ക് പറയുവാനോ.. വിജയ് അരിശത്തോടെ ചോദിച്ചു.

ഇന്ന് വരെ പറഞ്ഞിട്ടില്ല. നീയൊക്കെ പറയിപ്പിച്ചതാ. 

ഞങ്ങൾക്ക് ചിലവാക്കിയത് പറഞ്ഞാൽ മതി തിരിച്ചു തന്നേക്കാം.. വിജയ് പറഞ്ഞു നിർത്തിയതും കൃഷ്ണ ചന്ദ്രൻ്റെ  വലത് കൈ അവന്റെ ചെകിട്ടിൽ പതിഞ്ഞു. എല്ലാവരും ഞെട്ടിപ്പോയി. കൃഷ്ണ ചന്ദ്രനെ   അത്ര ദേഷ്യപ്പെട്ടു ആദ്യമായി കാണുകയായിരുന്നു അവർ.

എന്തിനാടാ നീ കൊച്ചിനെ തല്ലിയത്.. വിജയം തിളച്ചു..

മിണ്ടരുത് നിങ്ങൾ.. വിനയൻ  വെട്ടിതിരിഞ്ഞു. ഇവന്റെ സകല കൊള്ളരുതാഴികയ്ക്കും വളം വച്ചു കൊടുക്കുന്നത് അമ്മ ഒരാളാണ് ഒന്ന് പറഞ്ഞു കൊടുക്കണം മകനോട് കടന്നു വന്ന വഴി മറക്കരുതെന്നു.

അടുത്തത് ഇനി അളിയനോടാ.കനത്ത സ്ത്രീ ധനവും മേടിച്ചു കെട്ടിയിട്ട് പിന്നെയും അച്ചി വീട്ടിൽ കിടക്കുന്നതു ആണുങ്ങൾക്കു ചേർന്ന പണിയല്ല.

സുരേന്ദ്രൻ്റെ  തല കുനിഞ്ഞു. പിന്നെ എല്ലാവരോടും കൂടി ഒന്ന് പറയുവാ, നാളെ നേരം പുലർന്ന് ഞാൻ ഇവിടെ ഉണ്ടാവില്ല. ഇനിയുള്ള നിങ്ങളുടെ കാര്യങ്ങളൊക്കെ എല്ലാവരും തന്നതാൻ അങ്ങ് നോക്കിയേച്ചാൽ മതി. നിങ്ങളുടെ ആരുടെയും കറവ പശു ആകാൻ ഇനി ഞാൻ ഇവിടെ ഉണ്ടാവില്ല. വെട്ടിതിരിഞ്ഞു കൃഷ്ണ ചന്ദ്രൻ പുറത്തേക്കു പോയി. പുറത്തെ ഇരുട്ടിൽ അങ്ങനെ ഇരിക്കുമ്പോൾ എത്ര ശ്രമിച്ചിട്ടും അവന്റെ കണ്ണുകൾ തുളുമ്പി. പെട്ടന്ന് ഫോൺ ബല്ലടിച്ചു. ഗൾഫിൽ നിന്ന് ജമാലിക്ക ആണ്. അവൻ ഫോൺ എടുത്തു.

ഹലോ..

എന്താ കൃഷ്ണാ വല്ലാതെ.. അദ്ദേഹം അവന്റെ സ്വരത്തിലെ മാറ്റം അറിഞ്ഞു ചോദിച്ചു. പിന്നെ ഒന്നും ഒളിച്ചില്ല. കൃഷ്ണ ചന്ദ്രൻ സകലതും വേദനയോടെ പറഞ്ഞു.

കൊള്ളാല്ലോ നിന്റെ വീട്ടുകാർ.. ഞാൻ അന്നും പറയാർന്നില്ലാരുന്നോ കിട്ടുന്ന പൈസ കുറച്ചെങ്കിലും നിന്റെ പേരിൽ ബേങ്കിൽ ഇടാൻ..

ഞാൻ അവരെയൊക്കെ വിശ്വസിച്ചു പോയിക്ക.. കൃഷ്ണ ചന്ദ്രൻ വിതുമ്പി. ഇക്ക എനിക്ക് ഇവിടെ നിൽക്കാൻ പറ്റില്ല. കൈയിൽ  അഞ്ചു പൈസ ഇല്ല. സ്വന്തം വീട്ടിൽ ഒരു മുറി പോലും ഇല്ല. 

പോട്ടെടാ.. കരയണ്ട. എന്തെങ്കിലും വഴി ഉണ്ടാവും. അനക്ക് തലക്കു മേലാത്തോണ്ട് പഴേ പണിയൊന്നും ഇനി പറ്റില്ല. നീ വെക്കു ഞാൻ ഒരാളെ വിളിച്ചിട്ട് ഇപ്പം വിളിക്കാം.. ജമാലിക്കാ ഫോൺ കട്ടാക്കി. ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോൾ ജമാലിക്കയുടെ കാൾ വീണ്ടും എത്തി.

കൃഷ്ണാ നിനക്കു ഭാഗ്യം ഒണ്ട്.. പടച്ചോൻ നിന്നെ കൈ വിട്ടിട്ടില്ല.. അദ്ദേഹത്തിന്റെ വാക്കുകളിൽ സന്തോഷം തുടിച്ചു. 

എന്താ ഇക്ക..?

മോനെ.. ഞാൻ എന്റെ ചങ്ങായി ഹാരിസിനെ ഇപ്പോ വിളിച്ചിരുന്നു. അവനൊരു ഉപകാരം ഉള്ള കാര്യം പറഞ്ഞു. പാലക്കാട്ട് ഒരു നാലുകെട്ട് മന ഉണ്ട്. അത് മേടിച്ചേക്കുന്ന കൂട്ടാര് ഇപ്പോ അമേരിക്കേൽ ആണ്. . മന അങ്ങനെ കാടു കേറി കിടക്കുന്നു. അവിടെ പോയി നിന്ന് അതൊക്കെ നോക്കി നടത്താൻ ഒരാളെ വേണം നിനക്കു പറ്റുവോ? നല്ല സാലറി അവര് തരും. നിനക്കൊരു താമസ സൗകര്യവും ആകും. 

ജമാലിക്ക ചോദിച്ചതും കൃഷ്ണ ചന്ദ്രന് നൂറു വട്ടം സമ്മതം.

എന്നാ ഞാൻ അവനോട് പറയാം. 
ജമാലിക്ക ഫോൺ കട്ടാക്കി. അൽപ്പം കഴിഞ്ഞതും പരിചയം ഇല്ലാത്തൊരു നമ്പർ ഫോണിലേക്കു വന്നു, കൃഷ്ണ ചന്ദ്രൻ ഫോൺ എടുത്തു.

ഞാൻ ഹരിസാണ്.. ജമാൽ പറഞ്ഞിട്ട് വിളിക്കുകയാണ്.

കൃഷ്ണാ അതൊരു നാലുകെട്ട് മനയാണ്.. കുറെ പഴക്കം ഉണ്ട്. താൻ മാത്രമെ കാണൂ അവിടെ.. കൂട്ടുകാരെയൊന്നും കൊണ്ട് വരാനോ, ഈ വെള്ളമടി പോലുള്ള പരിപാടി ഒന്നും പറ്റില്ല കേട്ടോ.. പിന്നെ മീനും, ഇറച്ചിയുമൊന്നും അവിടെ വെക്കാൻ പറ്റില്ല, കാവും, ഒക്കെ  ഉള്ളതാ. സമ്മതം ആണെങ്കി നാളെ പോരെ താക്കോൽ തരാം.

നാളെ തന്നെ വരാം ഇക്ക.. കൃഷ്ണ ചന്ദ്രൻ സമ്മതിച്ചു. പിന്നെ എല്ലാം പെട്ടന്നായിരുന്നു. കൃഷ്ണൻ  സജിയെ വിളിച്ചു എല്ലാ കാര്യങ്ങളും അറിയിച്ചു.

നല്ല കാര്യം.. നിന്റെ വീട്ടുകാർ കുറെ പഠിക്കട്ടെ.. ഞാൻ നാളെ രാവിലെ വണ്ടി കൊണ്ട് വരാം. നീ റെഡി ആയി നിന്നാൽ മതി. 

പിറ്റേ ദിവസം അതിരാവിലെ തന്നെ അവർ പുറപ്പെട്ടു. ഉച്ചയോടടുത്തു പാലക്കാട്‌ എത്തി. ടാർ റോഡിൽ നിന്നും ഒരു കിലോമീറ്റർ ചെമ്മൺ റോഡിലൂടെ കാർ ഓടി വലിയൊരു നാലുകെട്ട് മനയുടെ മുൻപിൽ ചെന്ന് കാർ നിന്നു. പടിപ്പുരയിലെ നെയിം പ്ളേറ്റിൽ ആലംകോട് മന എന്ന് അലേഖനം ചെയ്തിരുന്നു. ജമാലിക്ക പറഞ്ഞ ഹാരിസ് അവരെ കാത്തു നിൽപുണ്ടായിരുന്നു. പരിചയപെടലുകൾക്ക് ശേഷം ഹാരിസ് പടിപ്പുര വാതിൽ തുറന്നു.

അല്ലെങ്കിൽ വേണ്ട.. വച്ചു പൂജയൊക്കെ ഉള്ള മനയായിരുന്നല്ലോ.. ഞാൻ കേറി അശുദ്ധം ആക്കണ്ട. അയാൾ താക്കോൽ കൃഷ്ണചന്ദ്രൻ്റെ  കയ്യിൽ  ഏല്പിച്ചു. യാത്ര പറഞ്ഞു പോയി. കൃഷ്ണ ചന്ദ്രൻ പടിപ്പുര വാതിൽ മലർക്കേ തുറന്നു. അകത്തു പ്രൗഡിയോടെ ആലം കോട് മന. കൃഷ്ണചന്ദ്രൻ  അകത്തേക്ക് പാദം എടുത്തു വച്ചതും മനയ്ക് ചുറ്റുമുള്ള പ്രകൃതി പെട്ടന്ന് മാറി. കാറ്റ് വീശാൻ തുടങ്ങി, പടിപ്പുരയോട് ചേർന്ന് നിന്ന ഇലഞ്ഞിയിൽ നിന്നും പൂക്കൾ ഉതിർന്നു കൃഷ്ണ ചന്ദ്രന് മേൽ പുഷ്പ വൃഷ്ടി നടത്തി. 

End of Part 1
Nb. എൻ്റെ സ്ഥിരം ശൈലിയിൽ നിന്നും വിത്യസ്തമായി ഒരു ഷെയ്പ്പ് വരുത്താൻ ജയപ്രകാശ്  സഹായിച്ചു അഭിപ്രായം പറയണേ

Popular posts from this blog

ശിവ വേദ മിത്രൻ 4

Story 1 part 3