Story 1 part 3
ശിവ വേദ മിത്രൻ 3
കൃഷ്ണ ചന്ദ്രൻ ചാടി എണീറ്റു ചുറ്റിനും നോക്കി. ആരാണ്.. ആരാണ് തന്നെ കൂടാതെ ഈ മനയിൽ!!
അവന്റെ ശരീരം വിയർത്തു കുളിച്ചു.. ഇപ്പോ വെക്തമായി കേട്ടതാണല്ലോ ആരോ മന്ത്രം ജപിക്കുന്നതും, മണി മുഴങ്ങുന്നതും. കൃഷ്ണ ചന്ദ്രൻ എന്തും വരട്ടെ എന്ന് വച്ചു വാതിൽ തുറന്നു വരാന്തയിലേക്ക് ഇറങ്ങി. വെളുപ്പാൻ കാലത്തെ കുളിരുള്ള കാറ്റ് അവനെ തഴുകി. ചുറ്റും ശാന്തമാണ്, സർവത്ര നിശബ്‍ദം ആണ്. ഇപ്പോൾ മണിയൊച്ചായോ, മന്ത്രോചാരണങ്ങളോ ഇല്ല. കൃഷ്ണ ചന്ദ്രൻ വാതിലടച്ചു വീണ്ടും വന്നു കിടന്നു. പക്ഷെ ഉറങ്ങിയില്ല. തിരിഞ്ഞും മറിഞ്ഞും അങ്ങനെ കിടന്ന് നേരം വെളുപ്പിച്ചു. നേരം നന്നേ പുലർന്നതും, അവൻ എണീറ്റ് വീണ്ടും മനയാകെ നോക്കി, വിശേഷിച്ചു ഒന്നും കാണാൻ സാധിച്ചില്ല. മനയുടെ ചുറ്റുപാടുകൾ മൊത്തം നോക്കി. ഇപ്പോഴാണ് കൃഷ്ണ ചന്ദ്രന് ഒരു കാര്യം വ്യക്തമായതു. വിശാലമായ മനയുടെ ചുറ്റുപാടുകളിൽ ഒന്നും തന്നെ ആൾ താമസം ഇല്ല. മനയുടെ വടക്ക് ഭാഗത്തു കൂടി പുഴ ഒഴുകുന്നുണ്ട്. അഞ്ചു മിനിറ്റ് നടന്നാൽ പുഴക്കരയിൽ എത്തും. മനയുടെ പറമ്പ് മൊത്തം കാടാണ്. മൊത്തം വെട്ടിത്തെളിച്ചു എടുക്കണം. തെക്കു ഭാഗത്തായി നിരവധി സർപ്പ വിഗ്രഹങ്ങളും കൽ വിളക്കുമൊക്കെയായി സർപ്പ കാവുണ്ട്.
കൃഷ്ണ ചന്ദ്രൻ ഫോൺ എടുത്തു ഹാരിസിക്കയെ വിളിച്ചു.
എന്താടോ വിളിച്ചേ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ.. ഹാരിസ് അൽപ്പം ആശങ്കയോടാണ് ചോദിച്ചത്.
ഹേയ് ഒന്നുമില്ല ഇക്ക.. ഇവിടെ മൊത്തം കാടു കേറി കിടക്കുകയാണ്. എല്ലാം ഒന്ന് വെട്ടിത്തെളിക്കണം. ആരെങ്കിലും രണ്ട് പേരെ കൂടി കിട്ടിയാൽ നന്നായിരുന്നു.
ആ മനേലോട്ടു അവിടെയുള്ള ആരും പണിക്കു വരുവേല കൃഷ്ണാ നാട്ടുകാർ ഓരോ കഥ അടിച്ചിറക്കിയിട്ടുണ്ടല്ലോ.. ആരെങ്കിലും വന്നാൽ അവരെ പറഞ്ഞു പേടിപ്പിച്ചു വിടാൻ നൂറു പേരുണ്ട്. ഞാൻ വല്ല ബംഗാളി പിള്ളാരെ നോക്കാം. ഒത്താൽ ഉടനെ വിട്ടേക്കാം.
ശെരി.. കൃഷ്ണ ചന്ദ്രൻ ഫോൺ വച്ചു.
അതിനു ശേഷം അടുക്കളയിൽ ചെന്നു രാവിലെ കഴിക്കാൻ പുട്ട് ഉണ്ടാക്കി വച്ചു. അത് കഴിച്ചു ഒരു കട്ടൻചായ യും കുടിച്ചു കൊണ്ടിരിക്ക ഒൻപതു മണിയോടെ രണ്ട് ബംഗാളികൾ പണിക്കു എത്തി.
അവരെ കൊണ്ട് പോയി പണി സാധനങ്ങളും എടുത്തു കൊടുത്തു പറമ്പിലെ കാടു വെട്ടി തെളിക്കാൻ ഏല്പിച്ചു, ബംഗാളികൾ പണി തുടങ്ങി. അരമണിക്കൂർ കഴിഞ്ഞ്, കൃഷ്ണ ചന്ദ്രൻ അടുക്കയിലേക്ക് വന്നു. ഉച്ചയ്കത്തേക്ക് ചോറ് വെക്കാം. കലത്തിലേക്കു വെള്ളം എടുത്തു വച്ചു തീ കത്തിച്ചതും, വടക്കേ പറമ്പിൽ നിന്നും ഒരു നിലവിളി കേട്ടു. കൃഷ്ണ ചന്ദ്രൻ ഞെട്ടിപ്പോയി. അടുക്കള വാതിലൂടെ കൃഷ്ണ ചന്ദ്രൻ വടക്ക് വശത്തേക്ക് കുതിച്ചു. അവിടെ ചെന്നപ്പോൾ കണ്ട്, രണ്ട് ബംഗാളികളും നിലത്തേക്ക് നോക്കി ഭയന്ന് നിലവിളിച്ചു നിൽക്കുകയാണ്. കൃഷ്ണ ചന്ദ്രൻ അവർ വെട്ടികിളച്ചു ഇട്ടേകുന്നിടത്തേക്ക് നോക്കി. ഇത്തവണ കൃഷ്ണ ചന്ദ്രൻ ആണ് നിലവിളിച്ചത്. അവിടെ ഇളകി കിടക്കുന്ന മണ്ണിൽ മണ്ണിരയേക്കാൾ അൽപ്പം കൂടി വലിപ്പം ഉള്ള തൂവെള്ള നിറത്തിൽ എന്തോ ഒന്ന് കിടന്നു ഇഴയുന്നു. ഒന്നല്ല ഒരു പാടുണ്ട്, അവയെല്ലാം കൂടി നിലത്തു നിന്നും പലഭാഗത്തായി ഒരു രണ്ടു മൂന്നടി പോക്കത്തിലേക്കു ഉയരുന്നു. പാമ്പ് പത്തി വിരിച്ചു നിൽക്കുന്ന പോലെ. നാഗങ്ങൾ.!!!കൃഷ്ണ ചന്ദ്രൻ്റെ ചുണ്ടുകൾ മന്ത്രിച്ചു. പണ്ട് സർപ്പം പാട്ടു നടക്കുമ്പോൾ അമ്മൂമ്മ പറഞ്ഞത് കൃഷ്ണ ചന്ദ്രൻ ഓർത്തു.
" നമ്മൾ ഈ കാണുന്നതൊന്നും അല്ല സർപ്പങ്ങളുടെ യഥാർത്ഥ രൂപം. അവർ അരൂപീകളാണ്. നമ്മുടെ കണ്ണിനു അവർ വിര പോലൊക്കെ ഇങ്ങനെ തോന്നിക്കും, പക്ഷെ അതിനേക്കാൾ ഇരട്ടി വലിപ്പം ഉള്ളവര അവർ "
ഞങ്ങൾക്ക് പേടിയാ സേട്ടാ.. ഞങ്ങൾ പണിയുന്നില്ല പോവാ.. കൃഷ്ണ ചന്ദ്രൻ്റെ എൻ മറുപടിക്ക് പോലും നിൽക്കാതെ ബംഗാളികൾ സ്ഥലം വിട്ടു. കൃഷ്ണ ചന്ദ്രൻ സങ്കടപെട്ട് അങ്ങനെ നിന്ന് പോയി.
വേണ്ട.. ഇങ്ങനെ കിടന്നോട്ടെ.. കാടു പിടിച്ചു കിടക്കട്ടെ. കൃഷ്ണ ചന്ദ്രൻ തനിക്കു മുൻപിൽ ഉയർന്നു നിൽക്കുന്ന വെള്ളിനൂല് പോലെയുള്ള നാഗങ്ങളെ നോക്കി ദേഷ്യവും, സങ്കടവും കൊണ്ട് പറഞ്ഞു. ഞാൻ ആരുടെയും ഒന്നും എടുക്കാൻ വന്നതല്ല. എനിക്ക് അലംകോട് മനയിലെ ഒന്നും വേണ്ട. ജീവിക്കാൻ നിവർത്തി ഇല്ലാത്തവനാ ഞാൻ, അത് കൊണ്ട ഇവിടെ വന്നത്. മൊത്തം കാടു കേറി കിടക്കുന്ന കണ്ടു ഒന്നു വൃത്തിയാക്കാൻ നോക്കിയതാ. അത്രയും പറഞ്ഞിട്ടു കണ്ണുകൾ തുടച്ചു കൊണ്ട് നോക്കിയ കൃഷ്ണ ചന്ദ്രൻ അമ്പരന്നു. ഇപ്പോൾ ആ നാഗങ്ങൾ അവിടെ ഇല്ല. കൃഷ്ണ ചന്ദ്രൻ ബംഗാളികൾ ഇട്ടിട്ടു പോയതിന്റെ ബാക്കിയായി വീണ്ടും പണി തുടങ്ങി, അതിനിടയിൽ തന്നെ ചോറും വച്ചു. ഉച്ചക്ക് ഊണ് കഴിഞ്ഞു വിശ്രമിച്ചതിന് ശേഷം വീണ്ടും പണി തുടങ്ങി. ഒരു മൂന്ന് മണിയോടെ മന യിലെ മുറ്റതായി കേറി കിടന്ന കാടും പടർപ്പും മൊത്തം വെട്ടിത്തെളിച്ചു. അതിനു ശേഷം ഏതോ ഉൾ പ്രേരണയിൽ സർപ്പകാവിന്റെ പരിസരവും വൃത്തിയാക്കി, വിളക്കുകൾ തേച്ചു കഴുകി. അന്നത്തെ ദിവസം അങ്ങനെ പോയി, പിറ്റേദിവസം കൃഷ്ണ ചന്ദ്രന് വലിയ പണികൾ ഒന്നുമില്ലായിരുന്നു. മനയുടെ മുറ്റത്തെ തുളസി തറ മൊത്തം വൃത്തിയാക്കി, തേച്ചു കഴുകി . ഇപ്പോൾ മന കണ്ടാൽ ഇത്ര നാളും കാടു പിടിച്ചു കിടന്നെന്നു ആരും പറയില്ല. അഞ്ചര കഴിഞ്ഞപ്പോൾ കൃഷ്ണ ചന്ദ്രൻ കുളിച്ചു, നാഗ കാവിലും, തുളസി തറയിലുമൊക്കെ വിളക്ക് തെളിച്ചു. അപ്പോഴാണ് ഓർത്തത് ഫോണിലെ അൺലിമിറ്റഡ് ഓഫർ ഇന്ന് രാത്രി കൊണ്ട് തീരും. കവല വരെ ഒന്ന് പോയേക്കാം. അവൻ പെട്ടന്ന് തന്നെ റെഡി ആയി ഇറങ്ങി. കവലയിൽ വന്നു ഫോൺ ചാർജ് ചെയ്തു.
മാഷേ ഇന്നലേം, ഇന്നും ഇങ്ങോട്ട് കണ്ടില്ലല്ലോ.. പിന്നിൽ നിന്നും ചോദ്യം കേട്ട് കൃഷ്ണ ചന്ദ്രൻ തിരിഞ്ഞു. സുദീപ് ആണ്. കടയിലെ മണി യേട്ടൻ്റെ മകൻ,
മനേൽ കുറച്ചു പണി ഉണ്ടാരുന്നു.. അവൻ പുഞ്ചിരിച്ചു.
മാഷ് തന്നെ അവിടെ എങ്ങനെ കഴിയണ്.. പേടിയില്ലേ. കടയോട് ചേർന്ന ആൽത്തറയിൽ ഇരിക്കുമ്പോൾ സുദീപ് തിരക്കി.
ഹേയ്... കൃഷ്ണ ചന്ദ്രൻ പുഞ്ചിരിച്ചു.
ഹായ്.. മാഷേ പരിചയപ്പെടാൻ ഇന്നാണ് പറ്റിയത് കേട്ടോ.. വേറെ മൂന്നാലു ചെറുപ്പക്കാർ അവർക്കടുത്തേക്ക് വന്നു. ഞാൻ സുനിൽ ഇത് കണ്ണൻ, അത് നന്ദൻ.. അവർ സ്വയം പരിചയപ്പെടുത്തി.അവരോടൊക്കെ അങ്ങനെ ചിരിച്ചും, തമാശ പറഞ്ഞുമൊക്കെ ഇരിക്കുമ്പോഴാണ് തൊട്ടപ്പുറത്തു ക്രിക്കറ്റ് കളിച്ചോണ്ടിരുന്ന കുട്ടികൾ അതിലെ നടന്നു വന്നത്.
എന്താടാ കളി കഴിഞ്ഞോ.. സുദീപ് ചോദിച്ചു.
പന്ത് മന പറമ്പിൽ പോയി ഏട്ടാ.. കുട്ടികൾ വിഷമത്തോടെ പറഞ്ഞു.
എന്നാ വീട്ടിൽ പൊക്കോ.. സുനിൽ പറഞ്ഞു
അതെടുത്താൽ പോരെ.. കൃഷ്ണ ചന്ദ്രൻ ചോദിച്ചു.
എന്റെ മാഷേ.. മാഷ് അത് കണ്ടോ.. സുദീപ് വിരൽ ചൂണ്ടിയിടത്തേക്ക് കൃഷ്ണ ചന്ദ്രൻ നോക്കി. അൽപ്പം ദൂരെ ആന തലയെടുത്ത നിൽക്കുന്ന പോലെയൊരു മനയുടെ ദൃശ്യം. ആ മനയുടെ പറമ്പാണ് ദേ ഇപ്പുറത്തു കാണുന്നത്. അവിടേക്കാണ് ഇവർ പന്തടിച്ചു കേറ്റിയത്. ജീവനുള്ള ഒരാളും ആ മന പറമ്പിൽ കേറില്ല. അവിടെ വീഴുന്നത് സ്വർണ്ണം ആണെങ്കിൽ കൂടി ആരും എടുക്കില്ല.
അതെന്ത്..!! കൃഷ്ണ ചന്ദ്രൻ കണ്ണ് മിഴിച്ചു.
എടുക്കുന്നവന് സ്പോട്ടിൽ പണി കിട്ടും. അത് ശിവ പ്രിയ തമ്പുരാട്ടിയുടെ മനയാണ്. നിലവംകോട് മന.
എന്നാലും ഈ കുഞ്ഞുങ്ങളുടെ പന്ത് എടുക്കാൻ അല്ലെ.. ആ തമ്പുരാട്ടി അറിയാൻ ഒന്നും പോണില്ല. കൃഷ്ണ ചന്ദ്രൻ എണീറ്റു. വാ മക്കളെ ചേട്ടൻ പന്ത് എടുത്തു തരാം.
മാഷേ.. വേണ്ട മാഷേ.. സുദീപ് തടയാൻ ശ്രമിച്ചു.
എന്റെ ചങ്ങാതിമാരെ ഞാൻ ഇവിടെ വന്നപ്പോൾ തൊട്ട് കേൾക്കുന്നത് പ്രേതം, പിശാശ് എന്നൊക്കെ. ഇവിടെ മൊത്തം പഴേ മനയും, തറവാട്മൊക്കെ അല്ലെ. അതിനൊക്കെ ഓരോ കഥയും. വെറുതെ ഓരോന്ന്.. എവിടാ മക്കളെ പന്ത് പോയത്?
ദേ അവിടെ.. കുട്ടികൾ ചൂണ്ടി കാണിച്ച ഇടത്തേക്ക് കൃഷ്ണ ചന്ദ്രൻ നടന്നു.
അരുത് മാഷേ.. സുദീപും, കൂട്ടുകാരും വീണ്ടും വിലക്കി. കൃഷ്ണ ചന്ദ്രൻ മന പറമ്പിൽ കേറി.. എല്ലാവരും പേടിച്ചു നിൽക്കുകയാണ്. പന്ത് എടുത്തു കൊണ്ട് വന്നു. ഒന്നും സംഭവിച്ചില്ല..
കണ്ടോ.. ദേ ഇത്രേ ഉള്ളു.. ഇതിനാണോ എല്ലാരും ഇത്രയും പേടിച്ചത്. കൃഷ്ണ ചന്ദ്രൻ ചിരിച്ചു. ആരും ഒന്നും മിണ്ടിയില്ല. കുട്ടികൾ പന്തും ആയി പോയി. ഇനി ശിവ പ്രിയ തമ്പുരാട്ടി പറമ്പിൽ ആരാണ് കേറിയതെന്നു ഇവിടെ നിങ്ങളോട് ആരോടെങ്കിലും ചോദിച്ചാൽ എന്റെ പേര് പറഞ്ഞേക്ക്.. നിങ്ങൾ ആരും പേടിക്കണ്ട. കൃഷ്ണ ചന്ദ്രൻ അവരെ അശ്വസിപ്പിച്ചു.
മാഷ് വിചാരിക്കുന്ന പോലെ ഉള്ള ആളല്ല തമ്പുരാട്ടി.. അവർ ഈ നാട്ടിൽ എങ്ങുമില്ല. സുദീപ് പറഞ്ഞു..
ഇരുപത് വർഷം മുൻപ് പതിനേഴാംമത്തെ വയസിൽ ഈ മനയും, നാടുമൊക്കെ ഉപേക്ഷിച്ചു പോയി, ആ മനയിൽ ഇന്ന് ആരും താമസം ഇല്ല.
എന്നിട്ടാണോ ആ മനപറമ്പിൽ പോലും കേറാൻ എല്ലാരും പേടിക്കുന്നത്. ജയമോഹൻ അമ്പരന്നു.
അതിൽ നിന്ന് തന്നെ മാഷിന് മനസിലായില്ലേ ശിവ പ്രിയ തമ്പുരാട്ടിയുടെ റേൻജ്. സുനിൽ ചിരിച്ചു.
തമ്പുരാട്ടി വലിയ മാന്ത്രിക ആയിരുന്നു.. അവരുടെ നിലവംകോട് മനയ്ക്കു കാവൽ നില്കുന്നത് ബ്രഹ്മരക്ഷസ് ആണ്..
സുദീപേ....മതി.. പോ എഴുന്നേറ്റ് എല്ലാം.. അവരുടെ സംസാരം കേട്ട് വന്ന മണിയേട്ടൻ ശകരിച്ചു. തൃസന്ധ്യക് ചർച്ച ചെയ്യാൻ പറ്റിയ കാര്യം. അതോടെ എല്ലാവരും വലിഞ്ഞു. കൃഷ്ണ ചന്ദ്രൻ തിരിച്ചു മനയിലേക്ക് നടന്നു.
തൃസന്ധ്യക്കെ യാത്ര അത്ര ശുഭം അല്ല.. കേട്ടോ.. ടാർ റോഡിൽ നിന്നും ചെമ്മൺ പാതയിലേക്ക് ഇറങ്ങിയതും പിന്നിലെ സംസാരം കേട്ടാണ് കൃഷ്ണ ചന്ദ്രൻ തിരിഞ്ഞു നോക്കിയത്. തനിക്കു അൽപ്പം പിന്നിലായി, ഒരു മധ്യവയസ്കനായ മനുഷ്യൻ, അരയ്ക്കു താഴെ ശുഭ്ര വസ്ത്രം കൊണ്ട് താറുടുത്തിരിക്കുന്നു. നെഞ്ചിൽ പൂണൂൽ, തേജസ് ഉള്ള മുഖം. അമ്പലത്തിലെ വല്ല തിരുമേനി മാരും ആവും. കൃഷ്ണ ചന്ദ്രൻ ഓർത്തു.
ഇയാൾ അലംകോട് മാനേലാണ് വാസം അല്ലെ... ആമനുഷ്യൻ തിരക്കി.
അതെ.. എങ്ങനെ മനസിലായി.
അല്ലാതെ ഈ വഴി അങ്ങോട്ട് ആരും പോവാറില്ലല്ലോ. അയാളുടെ കണ്ണുകൾ വന്യമായി ഒന്നു ജ്വലിച്ചു. പിന്നെ കൃഷ്ണ ചന്ദ്രൻ എന്തൊക്കയോ ചോദിച്ചെങ്കിലും ഒരു മുക്കലിലും, മൂളലിലുമൊക്കെ അയാൾ മറുപടി ഒതുക്കി. മനയുടെ പടിപ്പുര വാതിൽ എത്തി. കൃഷ്ണ ചന്ദ്രൻ താക്കോൽ എടുത്ത് പടിപ്പുര തുറന്നതും പിന്നിലൊരു കിതപ്പു കേട്ടു. ഞെട്ടി തിരിഞ്ഞപ്പോൾ കണ്ടു, തന്റെ പിന്നാലെ വന്ന മനുഷ്യൻ അയാളുടെ രൂപം തന്നെ മാറിയിരിക്കുന്നു. തലയിൽ നിന്നും ഒഴുകി ഇറങ്ങുന്ന മുടി നാരുകൾ, കട വായിൽ നിന്നും കോമ്പല്ലുകൾ മുളച്ചിറങ്ങുന്നു, നഖം നീണ്ടു കൂർത്തിറങ്ങുന്നു. ചുറ്റും ചോരയുടെ ഗന്ധം പടർന്നു. നീണ്ടു കൂർത്ത നഖങ്ങൾ കൃഷ്ണ ചന്ദ്രൻ്റെ കഴുത്തിൽ അമർന്നു.
അയ്യോ... കൃഷ്ണ ചന്ദ്രൻ ഭയന്ന് നിലവിളിച്ചതും പടിപ്പുര വാതിൽ ആരോ അകത്തേക്ക് വലിച്ചു തുറന്നു. എടുത്തെറിഞ്ഞത് പോലെ കൃഷ്ണ ചന്ദ്രൻ അലംകോട് മനയ്ക്കു അകത്തും, പിന്നലെ വന്ന സത്വം മനയ്ക്കു പുറത്തും ആയി. ആ ഭീകര രൂപം മനയ്ക്കു അകത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ഏതോ ശക്തിയുടെ ബഹുല്യത്താൽ അത് പുറത്തേക്കു തെറിച്ചു. കിട്ടാ കലിയോടെ അത് അലറി കൊണ്ട് എണീറ്റതും, മനയുടെ നേരെ നോക്കിയതും അതൊന്നു ഭയന്നു ചുരുണ്ടു. മനയ്ക്കു ആകത്തെ പൂഴി മണ്ണിലേക്ക് മുഖം അടിച്ചു വീണ കൃഷ്ണ ചന്ദ്രനും ശ്രമപ്പെട്ടു തല പൊക്കി നോക്കിയതും കണ്ടു.. തന്റെ മുഖത്തിന് നേരെ മെതിയടി അണിഞ്ഞ പാദങ്ങൾ.. അൽപ്പം കൂടി മലർന്നു നോക്കിയതും കൃഷ്ണ ചന്ദ്രൻ അമ്പരന്നു പോയി.
അതെ ചെറുപ്പക്കാരൻ... തന്റെ സ്വപ്നത്തിൽ കാണുന്ന അതെ ആൾ.. തിളങ്ങുന്ന കസവു മുണ്ട് ധരിച്ചു, കസവു വേഷ്ടി പുതച്ചു നില്കുന്നു. ഞെഞ്ചിൽ പൂണൂലിനൊപ്പം സ്വർണ്ണം കെട്ടിയ രുദ്രാക്ഷ മാല, നെറ്റിയിൽ കുങ്കുമ പൊട്ട്. വജ്രം പോലെ തിളക്കമാർന്ന കണ്ണുകൾ. കൃഷ്ണ ചന്ദ്രൻ്റെ ഹൃദയം ഒരു മാത്ര നിലച്ചു പോയി.
End of Part 3