Story 1 part 2
ശിവ വേദ മിത്രൻ - 2
---------------------
ഇവിടെ നല്ല കാറ്റൊക്ക ആണല്ലോ കൃഷ്ണാ.. നല്ല അന്തരീക്ഷം.. സജി ചുറ്റിനും നോക്കി കൊണ്ട് പറഞ്ഞു.
അതെ.. കൃഷ്ണൻ അത് ശെരി വച്ചു. മനയുടെ വിശാലമായ മുറ്റം നിറയെ കരിയിലകൾ കൊണ്ട് നിറഞ്ഞിരുന്നു. അതിനിടയിലൂടെ നടന്നു അവർ പൂമുഖത്ത് എത്തി. കയ്യിലിരുന്ന താക്കോൽ കൂട്ടങ്ങളിൽ തിരഞ്ഞു പ്രധാന വാ തിലിന്റെ താക്കോൽ കണ്ടെത്തി തുറന്നു. കര കര ശബ്ദത്തോടെ കൂറ്റൻ വാതിൽ മലർക്കേ തുറന്നു. അകത്തു നിറയെ മാറാലയും, പൊടിയും.. കനത്ത ഇരുട്ടും. ഫോണിലെ ടോർച് തെളിച്ചു കൊണ്ട് കൃഷ്ണ ചന്ദ്രൻ ജനാലയുടെ കൊളുത്തുകൾ കണ്ടെത്തി തുറന്നു. വെളിച്ചം ഉള്ളിലേക്ക് പതിയെ കടന്ന് വന്നു.
ഇവിടെ കറണ്ട് ഒന്നുമില്ലേ.. സജി ചുറ്റും നോക്കി. ആ.. ഉണ്ടെടാ.. കറണ്ട് ഉണ്ട്. സാധാരണ പഴേ മനേലൊന്നും കറണ്ട് കാണില്ല..
ഇത് അമേരിക്കക്കാരൻ വാങ്ങിച്ചതിൽ പിന്നെ പുതിയതായിട്ട് ചെയ്തതായിരിക്കുമെടാ. നോക്കിക്കേ വയറിംഗ് ഒക്കെ വല്യ കാലപ്പഴക്കം ഇല്ല.. കൃഷ്ണ ചന്ദ്രൻ പറഞ്ഞു.
എന്തായാലും നിനക്കവിടെ കുറെ പണി ഉണ്ട് മോനെ.. ഇതെല്ലാം വൃത്തി ആക്കി എടുക്കണ്ടേ..സജി പറഞ്ഞു.
അത് ശരിയാണെന്നു കൃഷ്ണ ചന്ദ്രനും തോന്നി.
എന്തായാലും ഇന്നിനി നീ പണിയാനൊന്നും പോകണ്ട. ഇത്രയും യാത്ര കഴിഞ്ഞു വന്നതല്ലേ. സജി ഉപദേശിച്ചു.
അവർ രണ്ടാളും കൂടി മന മൊത്തം നടന്നു കണ്ടു.
ഇതൊരു ഭാർഗവി നിലയം തന്നെ.. സജി അഭിപ്രായപെട്ടു.
അല്ലടാ.. മനയുടെ നടുമുറ്റത് നിന്ന് മുകളെടുപ്പിലേക്കു നോക്കി കൊണ്ട് കൃഷ്ണ ചന്ദ്രൻ അത് നിഷേധിച്ചു. ഇതൊരു കൊട്ടാരം ആണ്. ഇവിടെ രാജാവിനെ പോലെ ജീവിച്ച ആരോ ഉണ്ടായിരുന്നായിരിക്കണം. അവനതു പറഞ്ഞു തീർന്നതും പടിപ്പുരയിലെ ഓട്ടു മണികൾ മുഴങ്ങി. പെട്ടന്ന് നിലച്ചു. അവർ ഇരുവരും പക്ഷെ അത് ശ്രദ്ധിച്ചില്ല. അല്ലെങ്കിൽ കേട്ടില്ല.
എന്തായാലും പഴേ വീടാണ് നീ സൂക്ഷിക്കണം കേട്ടോ..
ഡാ സജീ എന്റെ വീട്ടുകാരുടെ അത്രയും ഉപദ്രവംകാരികളായ ആരും തന്നെ എനിക്കിനി ഇല്ല. അവരെ ഒഴിച്ച് ലോകത്തെ സകല മനുഷ്യരും എനിക്ക് മിത്രങ്ങൾ തന്നെയാ.
ഇനി അത് പറഞ്ഞു നിൽക്കണ്ട.. നീ വന്നേ നേരം ഉച്ച ആയി. നമുക്കു പോയി വല്ലതും കഴിക്കാം, എന്നിട്ട് എനിക്ക് അതിലെ അങ്ങ് പോകാം.. സജി ധൃതി വച്ചു. മന പൂട്ടി അവർ ഇറങ്ങി. അടുത്ത് തന്നെ ഹോട്ടലിൽ പോയി ഊണ് കഴിച്ചു,
ഡാ.. എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിക്കു കേട്ടോ.
യാത്ര പറഞ്ഞു സജി പോയി. കൃഷ്ണചന്ദ്രൻ വീണ്ടും മനയിലേക്ക് തിരിച്ചു പോന്നു. താഴെ ഭാഗത്തുള്ള മുറി മൊത്തം തുറന്നിട്ടു. വായുവും, വെളിച്ചവും കേറട്ടെ. മനയുടെ വലിയ അടുക്കളയിൽ പല തരത്തിലും, വലുപ്പത്തിലുമുള്ള ഓട്ടു പത്രങ്ങളും, മറ്റും ഉണ്ടായിരുന്നു. സാധനങ്ങൾ വാങ്ങിയാലും ഭക്ഷണം ഉണ്ടാക്കി കഴിക്കാമല്ലോ.കൃഷ്ണ ചന്ദ്രന് സന്തോഷം ആയി. പുറത്തെ വലിയ ചായ്പ്പിൽ തൂമ്പ, മൺവെട്ടി, വെട്ടുകത്തി, പുല്ലുകുത്തി, ചൂൽ, അങ്ങനെ എല്ലാം ഉണ്ടായിരുന്നു. രണ്ടാമത് മനയിൽ അറ്റ കുറ്റ പണികൾ നടത്തിയപ്പോൾ വാങ്ങിയതാകും.
കൃഷ്ണ ചന്ദ്രൻ നീളം ഉള്ള ചൂൽ കൊണ്ട് വന്നു മനയുടെ മുറ്റം അടിച്ചു വരാൻ തുടങ്ങി. അതിനിടയിൽ കുറേ കളകളും പറിച്ചു നീക്കി, അടിച്ചു കൂട്ടിയ കരിയില കൂമ്പ്പാരം തീയിട്ടു. അരമണിക്കൂർ കൊണ്ട് ഏകദേശം വൃത്തി ആയി. പിന്നെ മനയുടെ പൂമുഖവും, അടിച്ചു വാരി, അൽപ്പം ഒന്ന് ഇരുന്നതിന് ശേഷം രണ്ടു മൂന്നു മുറികൾ കൂടി തൂത്തു തുടച്ചു. നല്ല കാറ്റും, വെളിച്ചെവുമുള്ള മുറി ജയമോഹൻ തനിക്കു കിടക്കാനായി എടുത്തു. അത്രയും കഴിഞ്ഞപ്പോഴേക്കും നേരം വൈകുന്നേരം അഞ്ചു മണി കഴിഞ്ഞിരുന്നു. പിന്നെ പോയി നന്നായി തല തണുക്കെ വെള്ളം കോരിയൊഴിച്ചു കുളിച്ചതിനു ശേഷം അവൻ കടയിലേക്ക് പോകാൻ ഇറങ്ങി. ഒരു ചായ കുടിക്കണം, രാത്രിയിലേക്ക് കഴിക്കാൻ വല്ലതും വാങ്ങണം.
ചെമ്മൺ റോഡിലൂടെ കുറച്ചു നടന്നപോൾ ഒരു ഒട്ടോ കിട്ടി. ഒരു ഫ്രീക്കൻ ആണ് ഡ്രൈവർ.
ചേട്ടൻ എവിടുന്ന.. ഇവിടെ കണ്ടിട്ടില്ലല്ലോ..? ഡ്രൈവർ ലോഹ്യം ചോദിച്ചു.
ഞാൻ ഇവിടെങ്ങും ഉള്ളതല്ല.. കുറച്ചു ദൂരെന്ന.. കൃഷ്ണ ചന്ദ്രൻ പുഞ്ചിരിച്ചു. ഇവിടെ ആണ് ഇപ്പോൾ ജോലി..
ഇവിടെ എവിടെ?
അലംകോട് മനയിൽ താമസിച്ചു നോക്കാൻ വന്നതാ.
അലംകോട് മനയോ.. ഡ്രൈവർ ഞെട്ടി. ഓട്ടോ ബ്രെക്കിട്ടു നിന്ന്. അവൻ പേടിയോടെ തിരിഞ്ഞു നോക്കി.
എന്താ.. കൃഷ്ണചന്ദ്രൻ അമ്പരന്നു.
എന്റെ പൊന്നേട്ടാ.. നിങ്ങൾ വല്ലോം അറിഞ്ഞോണ്ടാണോ അവിടെ വന്നത്.
എന്ത്?
അവിടെ ആരും താമസിക്കുകേല. അത് പ്രേതം ഉള്ള മനയാ
അത് കേട്ടതും കൃഷ്ണ ചന്ദ്രൻ പൊട്ടിച്ചിരിച്ചു.. എന്റെ സുഹൃത്തേ തന്നെ കണ്ടപ്പോൾ ഫ്രീക് ലുക്ക് ഉണ്ടെങ്കിലും പതിനാറാം നൂറ്റാണ്ടിലാണ് ഇപ്പോഴും അല്ലെ..
ഞാൻ സത്യം ആണ് പറഞ്ഞത്. അവിടെ ആരും നിൽക്കില്ല. ആ മന കുറെ നാൾ വെറുത കിടന്നിട്ടു അവസാനം അമേരിക്കേൽ ഉള്ള ഒരു കാശുകാരാനാ ആ മന വാങ്ങിച്ചത്. അയാൾക്കു ഈ തറവാട്, മന, എന്നൊക്കെ പറഞ്ഞാൽ ഭയങ്കര ക്രെസ് ആണ്. അത് വാങ്ങി റിസോർട്ടോ, ഹോംസ്റ്റയോ ഒക്കെ ആക്കാൻ ഇരുന്നതാ. പക്ഷെ ഒന്നും നടന്നില്ല. അവസാനം അതിപ്പോൾ വിൽക്കാൻ ഇട്ടേക്കുവാ.
മോനെ.. ജീവനുള്ള മനുഷ്യരെ പേടിച്ചാൽ മതി. കൃഷ്ണ ചന്ദ്രൻ സ്നേഹത്തോടെ പറഞ്ഞു.. വേറെ ഒന്നിനെയും പേടിക്കണ്ട. മനുഷ്യനോളം നേരും, നെറിയും ഇല്ലാത്ത ഒന്നും തന്നെ ലോകതില്ല. അവസാന വാചകം പറയുമ്പോൾ കൃഷ്ണ ചന്ദ്രൻ്റെ സ്വരം ഇടറി. പിന്നെ ഓട്ടോ ഡ്രൈവർ ഒന്നും പറഞ്ഞില്ല.
കൃഷ്ണ ചന്ദ്രനെ കവലയിൽ ഇറക്കി അയാൾ പോയി. കവലയിൽ ഉള്ള ആ നാടിന്റെ മൊത്തം മിനി സൂപ്പർ മാർക്കറ്റ് ആയ മണി ഏട്ടന്റെ കടയിലേക്ക് കൃഷ്ണ ചന്ദ്രൻ ചെന്നു. വാങ്ങേണ്ട സാധങ്ങളുടെ ലിസ്റ്റ് അവിടെ ഏല്പിച്ചു. അതിനു ശേഷം
ഹോട്ടലിലേക്കു പോയി ഒരു ചായ കുടിച്ചു, വൈകുന്നേരത്തേക്ക് കഴിക്കാനുള്ള ഭക്ഷണവും പാർസൽ വാങ്ങി. തിരികെ വരുമ്പോൾ മണി ഏട്ടൻ പലചരക്കു എടുത്തു വച്ചിരുന്നു.
" ഇന്നുച്ചയ്ക്കും ഹോട്ടലിൽ വരുന്ന കണ്ടു മോൻ എവിടെയുള്ളതാ? കൃഷ്ണ ചന്ദ്രൻ കൊടുത്ത പൈസ വാങ്ങുമ്പോൾ മനിയേട്ടൻ തിരക്കി.
ഞാൻ കൃഷ്ണ ചന്ദ്രൻ. കുറച്ചു തെക്കുന്ന വരവ്.. ഇവിടെ അലംകോട് മനേല ഇപ്പോ ജോലി.
മണി ഏട്ടൻ നന്നായി ഞെട്ടുന്നത് ആ ഇരുട്ട് പരന്നൊഴുകിയ സന്ധ്യയിലും കൃഷ്ണ ചന്ദ്രൻ കണ്ടു.
എല്ലാം അറിഞ്ഞിട്ടാണോ കുഞ്ഞേ ഇങ്ങടേക്കു വന്നത്..
കൃഷ്ണ ചന്ദ്രൻ മൗനം പാലിച്ചു.
കുഞ്ഞിന് കഥയൊന്നും അറിയില്ലാരിക്കും. പേടിപ്പിക്കാൻ വേണ്ടി പറയുവല്ല ഞാൻ.. അവിടെ താമസിക്കാൻ പറ്റില്ല കുഞ്ഞേ. എന്റെ മകനെ പോലെ കണ്ട് ഞാൻ പറയുവാ.
ഒന്ന് ശ്രമിച്ചു നോക്കട്ടെ മണിയേട്ടാ പറ്റില്ലെങ്കിൽ ഞാനങ്ങു പോകും കൃഷ്ണ ചന്ദ്രൻ പുഞ്ചിരിയോടെ പറഞ്ഞു സാധനങ്ങളുമായി അവിടെ നിന്നിറങ്ങി. എങ്ങോട് പോകാൻ.. തനിച്ചു നടക്കുമ്പോൾ കൃഷ്ണ ചന്ദ്രൻ്റെ മുഖത്തു വേദന കലർന്ന ഒരു ചിരി വീണ്ടും എത്തി. പോകാൻ ഒരിടമോ, കാത്തിരിക്കാൻ ഒരാളോ ഇല്ല. ഇത്ര നാളും ചോര നീരാക്കി നോക്കിയ ഒരു മനുഷ്യരും കൂടെയില്ല. തിരിച്ചു പൊയ്ക്കോളൂ എന്ന് പറയുന്നത് ചിലപ്പോ അവരുടെ പേടി കൊണ്ടായിരിക്കും. പക്ഷെ തന്റെ അവസ്ഥ അവർക്കു അറിയില്ലല്ലോ. മകനെ പോലെ കണ്ടു സംസാരിച്ച അറുപതു കഴിഞ്ഞ മണി യേട്ടനോട് ഞാൻ പോകില്ല എന്ന്, അറുത്തു മുറിച്ചു പറയാൻ പാടില്ലല്ലോ. അത് കൊണ്ട് അങ്ങനെ പറഞ്ഞു.
എന്നാലും എന്തായിരിക്കും ആ മനയിൽ!! ആ പേര് പറയുമ്പോൾ ആൾക്കാർക്കൊക്കെ എന്ത് പേടി.. കൃഷ്ണ ചന്ദ്രൻ ചിന്തിക്കാതെ ഇരുന്നില്ല. അങ്ങനെ ഓരോന്നാലോചിച്ചു മനയിലെത്തി. ലൈറ്റ്കൾ തെളിച്ചു. ചില ബൾബ് കൾ ഫ്യൂസ് ആയിട്ടുണ്ട്. നാളെ വേറെ വാങ്ങിച്ചിടണം.
ഫോൺ എടുത്തു ഹാരിസിക്കയെയും സജി യെയും ഒക്കെ വിളിച്ചു കുറെ സംസാരിച്ചു. പിന്നെ ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്നു. പ്രാരാബ്ദത്തിന്റെയും, ഉത്തരവാദിത്വങ്ങളുടെയും ഭാരം ഇല്ലാതെ കൃഷ്ണ ചന്ദ്രൻ സുഖമായി ഉറങ്ങി. ഉറക്കത്തിൽ എപ്പോഴോ കണ്ടു... കസവു മുണ്ടും വേഷ്ടിയും ധരിച്ചു, നറുനെയ്യിന്റെ കാന്തിയോടെ അപാര സുന്ദരൻ ആയ ആ ചെറുപ്പക്കാരൻ. നെഞ്ചിൽ പറ്റിച്ചേർന്ന പൂണൂൽ, കഴുത്തിൽ സ്വർണ്ണം കെട്ടിയ രുദ്രാക്ഷം, കൃഷ്ണചന്ദ്രൻ ഉറക്കം പോയി എങ്കിലും സ്വപ്നം ഏത്, സത്യം ഏത് എന്നറിയാതെ അയാൾ വീണ്ടും ഉറക്കത്തിലേക്കു വീണു. നിമിഷങ്ങൾ കടന്ന് പോയി.
മുഖത്തേക്ക് വെള്ളം കുടഞ്ഞത് പോലെ തോന്നിയാണ് കൃഷ്ണ ചന്ദ്രൻ കണ്ണ് തുറന്നത്. കുറച്ചു കഴിഞ്ഞാണ് പരിസര ബോധം വന്നത്. അയാൾ മുഖത്ത് തൊട്ട് നോക്കി. അതെ വെള്ളം തന്നെ... ഇനി മഴയാണോ, മന ചോരുന്നുണ്ടോ? കൃഷ്ണ ചന്ദ്രൻ ഫോൺ എടുത്തു നോക്കി. സമയം വെളുപ്പിന് മൂന്നു മണി. ഇത്ര ആയുള്ളോ.. കൃഷ്ണ ചന്ദ്രൻ വീണ്ടും കിടന്നു. ഒരു നിമിഷം.. ഒരേയൊരു നിമിഷം.. മനയ്ക്കുള്ളിൽ എവിടേയോ ഓട്ടു മണി മുഴങ്ങി.. തുടർന്ന് അതോടൊപ്പം തന്നെ തീഷ്ണമായ ഒരു പുരുഷ ശബ്ദത്തിൽ ശ്ലോകം ജപിക്കുന്നത് അവൻ വെക്തമായി കേട്ടു.
മാണിക്യ വീണ മുപലാളയന്തി മദാ ലെസ്സാം മഞ്ജുള വാക്വിലാസം മഹേന്ദ്ര നീല ദ്യൂതി കോമളങ്കി മാതം ഗ കന്യാ മനസ്സാ സ്മരമി..
അഷ്ട ഗന്ധത്തിന്റെയും, ചമതയുടെയും ഗന്ധം മനയാകെ പടർന്നു. കൃഷ്ണ ചന്ദ്രൻ്റെ കണ്ണിൽ നിന്നും, തലച്ചോറിൽ നിന്നും ഉറക്കം ഒലിച്ചു പോയി.
End of Part 2